ക്ഷേത്ര ദര്‍ശന സമയം : 06 AM To 10 AM || 05 PM To 07 PM
Responsive image

ക്ഷേത്ര ചരിത്രം

ദക്ഷിണകാശി എന്ന വര്‍ക്കല


അതിപുരാതന കാലം മുതല്‍ തന്നെ ഭാരതത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന പുണ്യ ഭൂമിയാണ് വര്‍ക്കല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും തീര്‍ത്ഥാടകര്‍ കൂട്ടമായി എത്തിച്ചേരുന്ന ഈ പ്രദേശം പിതൃദേവനായ ശ്രീജനാര്‍ദ്ദനസ്വാമിയുടെ പാദസ്പര്‍ശത്താല്‍ പവിത്രവും പ്രകീര്‍ത്തിതവുമാണ്. വര്‍ക്കല എന്ന പേരില്‍ ബ്രഹ്മാണ്ഡ പുരാണത്തിലും മറ്റുപ്രാചീന കൃതികളിലും വിവരിക്കുന്നതും 'ദക്ഷിണകാശി' എന്ന പേരില്‍ പണ്ടു മുതല്‍ അറുയപ്പെട്ടിരുന്നതും വര്‍ക്കല തന്നെയാണ്. AD ഒന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന 'പെരിപ്ലസ്സ്'. എന്ന അജ്ഞാത നാമാമായ നാവികന്‍റെ കുറിപ്പുകളില്‍ പറയുന്ന പ്രസിദ്ധമായ 'ബലിത' എന്ന വാണിജൃകേന്ദ്രം. തുറമുഖ നഗരം വര്‍ക്കലയാണെന്ന് ചരിത്രാന്വേഷകര്‍ പലരും അംഗികരിച്ചിട്ടുള്ള വസ്തുതയാണ്. ചരിത്രകാരനും സ്ഥലനാമ ഗവേഷകനുമായ ശ്രീ. വി. കെ. വാലത്തിന്‍റെ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച' കേരളത്തിലെ സ്ഥലചരിത്രങ്ങള്‍-തിരുവനന്തപുരം ജില്ല ' എന്ന പുസ്തകത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ബലിപുരം,ഉദയ മാര്‍ത്താണ്ഡപുരം എന്നും ചിലകാലങ്ങളില്‍ ഈപ്രദേശം അറിയപ്പെട്ടിരുന്നതായി കാണുന്നു.

ചരിത്രത്തിന്‍റേയും,ഐതിഹ്യങ്ങളുടേയും, പൗരാണിക കൃതികളുടേയും കെട്ടുകഥകളുടേയും കേട്ടുകേള്‍വികളുടേയും പിന്‍ബലത്തോടെ വര്‍ക്കലയെ വായിക്കാന്‍ ശ്രമിക്കുബോള്‍ അദ്ഭുതാഭരേങ്ങളോടെ കൈ കൂപ്പാതിരിക്കാന്‍,തികഞ്ഞ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാതിരിക്കാന്‍ ഒരു വര്‍ക്കലക്കാരുനുമാവില്ല.

ബ്രഹ്മശാപമേറ്റ പ്രജാപതിമാര്‍ക്ക് പാപമോചനത്തിനായി തപം ചെയ്യാന്‍ ഉചിതമായസ്ഥലം ഭൂമിയിലെവിടെയാണ് എന്ന് സന്ദേഹിച്ചപ്പോള്‍ സ്വന്തം വല്‍ക്കലം (മരവൂരി) എറിഞ്ഞ് ത്രികാലജ്ഞാനിയായ നാരദന്‍ അവര്‍ക്ക് കാട്ടിക്കൊടുത്ത പുണ്യഭൂമിയാണ് വര്‍ക്കല. ബ്രഹ്മദേവന്‍ തന്‍റെ യാഗഭൂമിയായി തെരഞ്ഞെടുത്തതും ദേവചൈതന്യം തുളുമ്പുന്ന വര്‍ക്കല തന്നെ. പാപനാശമാണ് ബ്രഹ്മാവ് യാഗഭൂമിയാക്കിയതെന്ന് പുരാണങ്ങളില്‍ കാണുന്നു. മലമുകളില്‍ നിന്ന് പാപനാശം കടലിലേയ്ക്ക് ഒഴുകിയെത്തുന്ന ഔഷധഗുണമുള്ള അനേകം ചെറിയ ചെറിയ നീര്‍ച്ചാലുകള്‍ ഇവിടെ ഉണ്ടായിരുന്നവത്രെ. അതില്‍ നീരാടുന്നത് ആരോഗ്യദായകം മാത്രമല്ല പാപഹാരം കൂടിയായിരുന്നു എന്നും കരുതപ്പെടുന്നു. കാലചക്ര ഭ്രമണത്തില്‍ അവ പലതും അപ്രത്യക്ഷമായി എങ്കിലും ഇന്നും അവിയിലൊരു ചെറുനീര്‍ച്ചാല്‍ സമ്പൂര്‍ണ്ണ നാശത്തെ ചോദ്യം ചെയ്തുകൊണ്ട് ഔഷധ ജലവുമായി ഓവിലുടെ ഒലിച്ചിറങ്ങുന്നുണ്ട്.

പിതൃദേവനായ ജനാര്‍ദ്ദനസ്വാമിയുടെ മണ്ണില്‍ ബലിക്കര്‍മ്മം നടത്തുന്നത് ഏറ്റവും പുണ്യമായി കരുതപ്പെടുന്നു. പാപനാശത്തെ കര്‍ക്കിട വാവുബലിയുടെ പെരുമയും പ്രാധാന്യവും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പൗരാണിക കഥകളനുസരിച്ച് ബ്രഹ്മാവുപോലും യാഗകര്‍മ്മത്തിന് തെരഞ്ഞെടുത്ത വര്‍ക്കലയുടെ പുണ്യവും വിശുദ്ധിയും കണ്ടറിഞ്ഞ് ഈ ദിവ്യ ഭൂമിയിലെത്തിയവരില്‍ കണ്വമുനിയും,കൃഷ്ണസോദരനായ ബലരാമനും,നാരദമഹര്‍ഷിയുമൊക്കെയുണ്ടന്ന് പുരണങ്ങള്‍ തെളിവ് തരുന്നു. ശ്രീശങ്കരാചര്യര്‍ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചകൂട്ടത്തില്‍ പലതവണ വര്‍ക്കല ക്ഷേത്രത്തിലെത്തിയിരുന്നതായി കാണുന്നു. ശ്രീജനാര്‍ദ്ദന്നസ്വാമിയെ വാഴ്ത്തുന്ന രണ്ടു ശ്ശോകങ്ങള്‍ അദ്ധേഹമെഴുതിയത് ക്ഷേത്രത്തിനുള്ളില്‍. എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇപ്പോഴും അവിടെയുണ്ട്. പില്‍ക്കാലത്ത് വര്‍ക്കലയുടെ വിശുദ്ധിയും ദേവസാന്നിധ്യവും പുണ്യവും തിരിച്ചറിഞ്ഞായിരിക്കണം ദിവ്യപുരുഷനായ ശ്രീനാരയണ ഗുരുദേവന്‍ വര്‍ക്കല തന്നെ തന്‍റെ ആവാസസ്ഥാനമായി തെരഞ്ഞെടുത്തതും,കണ്വാശ്രമത്തിന് അധികം അകലെയല്ലാത്തൊരു മലമുകള്‍ തന്‍റെ പാദസ്പര്‍ശത്താല്‍ പവിത്രവും പ്രശസ്തവുമാക്കിയതും.

പുണ്യഭൂമി എന്ന നിലയില്‍ പുരതനകാലത്തു തന്നെ പേര്‍പ്പെറ്റ വര്‍ക്കല ദക്ഷിണ കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരുവാണിജ്യകേന്ദ്രം കൂടയായിരുന്നു എന്നതിന് പെരിപ്ലസിലെ വിവരണം തെളിവാണ്. വിവിധ ജാതിക്കാര്‍ ഇടചേര്‍ന്ന് ജീവക്കുന്ന ജനസാന്ദ്രതയേറിയ ഒരുതുറമുഖ നഗരമായിരുന്നു വര്‍ക്കല. കുരയ്ക്കണ്ണി പ്രദേശത്തുള്ള തിരുവമ്പാടി. അവിടെ വളരെ പ്രധാനപ്പെട്ട തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്നു. പ്രസിദ്ധമായ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തിരുവമ്പാടി തുറമുഖത്തു നിന്ന് അക്കാലത്തെ മറ്റൊരു പ്രധാന തുറമുഖവും വാണിജ്യ കേന്ദ്രവുമായ കൊല്ലത്തേയ്ക്ക തീരത്തുകൂടി ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന 'കൊല്ലപ്പെരുവഴി'- ചരിത്രപ്രസിദ്ധമാണ്. അതിന്‍റെ അവശിഷ്ട്ടങ്ങള്‍ ഇന്നും തിരദേശത്ത് കാണാം.

കടലാക്രമണത്തില്‍പ്പെട്ട് തിരുവമ്പാടി തുറമുഖവും അമ്പാടി കണ്ണന്‍റെ ക്ഷേത്രവും കൊല്ലപ്പെരുവഴിയുമെല്ലാം നശിക്കുന്നതിന് മുന്‍പും പിന്‍പും എന്ന നിലയില്‍ വര്‍ക്കലയുടേയും കുരയ്ക്കണ്ണിയുടേയും ചരിത്രത്തെ വായിക്കുന്നത് യുക്തി സഹമാണെന്ന് തോന്നുന്നു.

കുരയ്ക്കണ്ണിയും വലിയവീട്ടില്‍ ഭഗവതിക്ഷേത്രവും


ബ്രഹ്മ്മാണ്ഡപുരണം, സ്കന്ദപുരാണം, ഉണ്ണുനീലിസന്ദേശം, മയൂരസന്ദേശം എന്നല്ല രാമായണ മഹാഭാരതങ്ങള്‍ വരെ നീളന്നതാണ് വര്‍ക്കലയുടേയും കുരയ്ക്കണ്ണിയുടേയും പേരുകള്‍ തേടിയുള്ള യാത്ര. ചരിത്രവും ഐതിഹ്യങ്ങളും, കെട്ടുകഥകളും കേട്ടുകേള്‍വികളും കെട്ടുപിണഞ്ഞ് സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങളെ ഇഴപിരിക്കാന്‍ ഗൗരവപൂര്‍ണ്ണമായ ഗവേഷണ പഠനങ്ങള്‍ അനിവാര്യമാണ്. ചരിത്രപണ്ഡിതനും, സ്ഥലനാമ ഗവേഷകനും, സാഹിത്യകാരനുമായ ശ്രീ. വി. വി. കെ. വാലത്ത് ഭാഷാ ഗവേഷകനും ചരിത്രാന്വേഷകനും സാഹിത്യകാരനുമായ ശ്രീ വര്‍ക്കല ഗോപാലകൃഷ്ണന്‍,ശ്രീ വര്‍ക്കല ശിവന്‍പിള്ള തുടങ്ങി നിരവധി പ്രഗത്ദമതികള്‍ ഇഴ കീറിപരിശോധിക്കാന്‍ ശ്രമിച്ച നമ്മുടെ നാടിന്‍റെ നൂറ്റാണ്ടുകള്‍ നീളുന്ന സമ്പന്നമായ ഭൂതകാലത്തെക്കുറിച്ച് വിശദമായി വിവരിക്കാന്‍ ശ്രമിക്കാതെ വിഷയത്തിലേയ്ക്ക് കടക്കട്ടെ.

വലിയ വീട്ടല്‍ ഭഗവതി ക്ഷേത്രം

നൂറ്റാണ്ടുകളുടെ പാരമ്പര്യവും മഹിമയും പേറിനില്‍ക്കുന്ന വലിയ വീട്ടില്‍ ഭഗവതിക്ഷേത്രത്തിന്‍റേയും കണ്ണങ്കര കുടുംബത്തിന്‍റേയും ചരിത്രം ഒരു നാടിന്‍റെ സാംസ്കാരിക ചരിത്രം കൂടിയാണ്. ശ്രീമത് ചട്ടമ്പിസ്വാമി തിരുവടികളുടെ പാദസ്പര്‍ശത്തിന്‍റെ പുണ്യ മേറുന്നതാണ് ക്ഷേത്രമണ്ണ്. ശ്രീമത് ചട്ടമ്പിസ്വാമികളും,സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനും ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നതായി കുരയ്ക്കണ്ണി കരയോഗം രേഖകളിലുണ്ട്. ക്ഷേത്രോല്‍പത്തിയുടേയും കണ്ണങ്കര കുടുംബത്തിന്‍റേയും വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു പിന്നിലേയ്ക്ക് സഞ്ചരിക്കാതിരിക്കാനാവില്ല. വര്‍ക്കലയുടേയും,കുരയ്ക്കണ്ണിയുടേയും,വലിയ വീട്ടില്‍ ഭഗവതിക്ഷേത്രത്തിന്‍റേയും ചരിത്രം പരിശോധിക്കുമ്പോള്‍ ദക്ഷിണ കേരളത്തിലെ മുകിലാക്രമണവുമായി ബദ്ധപ്പെടുത്തി ചിന്തിക്കുന്നതു ഉചതമായിരിക്കമെന്ന് തോന്നുന്നു. മുകിലാക്രമണത്തിന് മുന്‍പ്-പിന്‍പ് എന്നിങ്ങനെ ചിന്തിക്കുന്നത് കൂടൂതല്‍ ചരിത്രപരവും യുക്തിപൂര്‍ണ്ണവുമാണ്.



മുകിലന്‍റെ ആക്രമണം

ടിപ്പുസുല്‍ത്താന്‍റെ ആക്രമണം ഉത്തരകേരളത്തില്‍ ഉണ്ടാകുന്നത് 18ാം നൂറ്റാണ്ടിലാണ് ഉത്തരകേരളത്തിലും മധ്യകേരളത്തിലെ ചിലപ്രദേശങ്ങളിലും ആ ആക്രമണം വരുത്തിയ മാറ്റങ്ങള്‍,സാമൂഹ്യഘടനയിലും ജാതി-മത സമവാക്യങ്ങളിലുമുണ്ടായ വൃതിയാനങ്ങള്‍ എന്നിവ ഏവര്‍ക്കും അറിവുള്ളതാണല്ലോ അതിനും ഏതാണ് ഒരുനൂറ്റാണ്ടിന് മുമ്പ് AD 1680 ല്‍ ആണ് മുകിലന്‍ എന്ന മുഗള്‍ സര്‍ദാര്‍ ദക്ഷിണകേരളം ആക്രമിച്ച് കീഴടക്കിയതെന്നാണ് ചരിത്രം. കന്യാകുമാരി മുതല്‍ വര്‍ക്കല വരെയാണ് മുകിലന്‍ എന്ന ആക്രമണക്കാരി കീഴടക്കി ഭരിച്ചിരുന്ന ഉമയമ്മ റാണി മുകിലനോട് ഏറ്റുമുട്ടി പരാജയപ്പെട്ട് നെടുമങ്ങാട് കോയിക്കല്‍ അഭയം തേടേണ്ടിവന്നു. മുകിലന്‍ പല ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. തീരദേശമേഖലകളില്‍ നിര്‍ബദ്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. എതിരിടാന്‍ ശക്തിയില്ലാതെ ബ്രാഹ്മണരും മാടമ്പിമാരും മറ്റും കൊല്ലപ്പെടുകയോ ഉത്തരദിക്കിലേയ്ക്ക് പലായനം ചെയ്യപ്പെടുകയോ ചെയ്തു.

മതപരിവര്‍ത്തനത്തിന് വിധേയമാകേണ്ടിവന്ന തീരദേശകുടുംബങ്ങളും നിരവധിയായിരുന്നു. കുരയ്ക്കണ്ണിയില്‍ നിന്നും കൂട്ടത്തോടെ ബ്രാഹ്മണരും, നായന്‍മാരും മറ്റുള്ളവരും ഉത്തരദിക്കിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്നു. കോട്ടയത്ത് തമ്പുരാന്‍ തിരുവട്ടാറ്റുവച്ച് യുദ്ധത്തില്‍ മുകിലനെ വധിക്കന്നതുവരെ വര്‍ക്കല ഉള്‍പ്പെടുന്ന ദക്ഷിണ ദേശം മുകിലാതിപത്യത്തില്‍ കീഴിലായിരുന്നു.



തിരുവമ്പാടികണ്ണനും കണ്ണങ്കരയും

പ്രസിദ്ധ തുറമുഖമായ തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും വിവിധ ജാതികള്‍ ഇടതിങ്ങി വസിച്ചിരുന്നു എന്ന് പറഞ്ഞുവല്ലോ. പുണ്യഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന വര്‍ക്കലയിലേയ്ക്ക് വന്നു ചേര്‍ന്നവരും തദ്ദേശവാസികളുമായ ബ്രാഹ്മണരായിരുന്നു അവരില്‍ പ്രബലര്‍. നായര്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളും ധാരളമുണ്ടായിരുന്നു. ഹിന്ദുമതത്തില്‍ വിവിധ ജാതിയില്‍പ്പെടുന്ന കുടുംബങ്ങള്‍ ഇടതിങ്ങി വസിക്കുന്നത് അക്കാലത്തെ നഗരങ്ങളുടെ ഒരു സവിശേഷതയായിരിന്നു. ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന വിഭാഗക്കാരായി കരുതപ്പെടുന്നവരും തമ്മിലുണ്ടായിരുന്ന പരസ്പര ആശ്രയത്വമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു.

വലിയവീട്ടില്‍ നാഗരുകാവും ശിവാലയവും ഭഗവതിക്ഷേത്രവും മുകിലക്രമണത്തിന് മുന്‍പുതന്നെ ഉണ്ടായിരുന്നു എന്ന് കരുതാം. പ്രദേശത്തെ പ്രധാന ആരാധനാലയമായ വലിയ വീട്ടല്‍ ഭഗവതി ക്ഷേത്രമായിരുന്നു നഗരകേന്ദ്രം എന്നുകരുതാനും മതിയായ ന്യായങ്ങളുണ്ട്. ക്ഷേത്രത്തിന്‍റെ കിഴക്കുളള ഭാഗം കിഴക്കേഭാഗമെന്നും പടിഞ്ഞാറുള്ള ഭാഗം പടിഞ്ഞാറ്റേഭാഗമെന്നും മറ്റും അറിയപ്പെടുന്നതില്‍ നിന്ന് വ്യക്തമാകുന്ന വസ്തുതയും മറ്റൊന്നല്ല. മുകിലന്‍റെ ആക്രമണത്തിന് മുമ്പ് ബ്രാഹ്മണരുടേതായിരുന്ന ക്ഷേത്രവും സ്വത്തക്കളും അവരുടെ പലായനത്തിന് ശേഷം രണ്ടാമത്തെ പ്രബല സമുദായമായിരുന്ന അവശേഷിച്ച നായര്‍ സമുദായത്തിന് കൈമാറി എന്ന് കരുതപ്പെടുന്നു.

കടലക്രമണത്തില്‍ നശിച്ചുപോയ തിരുവമ്പാടി കണ്ണന്‍റെ ക്ഷേത്രത്തിന് സമിപമുള്ള കര എന്ന അര്‍ത്ഥത്തില്‍ സ്ഥല നാമമായി വികസിച്ച് കണ്ണന്‍റെ കരയില്‍ വസിക്കുന്നവര്‍ കണ്ണങ്കരക്കാരായതായിരിക്കാം എന്ന് ചിലര്‍ കരുതുന്നതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല.

വലിയ വീട്ടില്‍ ഭഗവതി ക്ഷേത്രത്തിന്‍റെയും കണ്ണങ്കര കുടുംബത്തിന്‍റേയും ചരിത്രത്തെക്കുറിച്ച് പഠനം നടത്താന്‍ ഇറങ്ങി പുറപ്പെട്ട് വിലപ്പെട്ട പലവിവരങ്ങളും ഐതിഹ്യങ്ങളും കണ്ടെടുത്ത് ക്രോഡീകരിക്കാന്‍ ശ്രമിച്ച പലരുമുണ്ട്. ആ ക്കൂട്ടത്തില്‍ ഏറെ സ്മരണീയനാണ് ശ്രീ ശങ്കരമംഗലം ഉണ്ണികൃഷ്ണന്‍ നായര്‍.

തൃപ്പൂര്‍ണിത്തുറ കോവിലകവുമായി ബന്ധപ്പെട്ട ബ്രാഹ്മണ പുതേരാഹിതന്‍ തന്‍റെ ഉപാസനാ മൂര്‍ത്തിയായ ദേവിയുമായി തെക്കോട്ട് സഞ്ചരിച്ചു എന്നും വഴിമധ്യേ പലയിടങ്ങളിലും വച്ച് പൂജ നടത്തിയെന്നും അതിനുശേഷം വീണ്ടും തെക്കോട്ട് യാത്ര ചെയ്തു പരവൂരില്‍ എത്തിച്ചേര്‍ന്നു എന്നും ദേവി വിഗ്രഹം കുറച്ചുകാലം അവിടെ വച്ച് ഉപാസിച്ചു എന്നും പിന്നേട് വീണ്ടും തെക്കോട്ട് യാത്ര ചെയ്തു പുരാതനകാലം മുതല്‍ പുണ്യ ഭൂമിയായി അറിയപ്പെടുന്ന വര്‍ക്കലയിലെത്തി ക്ഷേത്രം ഇന്ന് നില്‍ക്കുന്ന പ്രദേശത്തെത്തി അവിടെ പ്രതിഷ്ഠിച്ചു എന്നും ശ്രീ ശങ്കരമംഗലം ഉണ്ണികൃഷ്ണന്‍ നായര്‍ രചിച്ച "വലിയ വീട്ടില്‍ ഭഗവതി ക്ഷേത്രവും വല്ല്യൂട്ടമ്മയും" എന്ന പുസ്തകത്തില്‍ കാണുന്നു. വലിയ വീട്ടില്‍ ഭഗവതി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം പരവൂരാണന്നും ആദ്യകാലത്ത് ക്ഷേത്രത്തിന് പുതിയിടത്ത് ക്ഷേത്രം എന്ന പേരുണ്ടായിരുന്നു എന്നുമൊക്കെയുള്ള ചിലരുടെയെങ്കിലും വശ്വാസത്തെ ഈ പരാമര്‍ശം അടിവരയിട്ടുറപ്പിക്കുന്നു.

അന്‍പത് വര്‍ഷം മുമ്പ് 1964 ആഗസ്റ്റ് 1-ന് ജ്യോതിഷ പണ്ഡിതന്‍ ശ്രീ മാന്നാര്‍ രാഘവകുറുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല്യദേവപ്രശ്നത്തില്‍ ഈ ദിവ്യ ക്ഷേത്രത്തിന് 1460 വര്‍ഷം പഴക്കമുണ്ടന്ന് പറയുന്നു. വിശദമായ ഗവേഷണ പഠനങ്ങളും ചരിത്രാന്വേഷണവും ആവശ്യമായ മേഖലയാണിത്.

ക്ഷേത്ര ഭരണത്തേയും വസ്തുവകകളേയും കണ്ണങ്കര കുടംബത്തിന്‍റെ സമിപകാല ചരിത്രത്തേയും കുറിച്ച് ക്ഷേത്രം രേഖകളുടെ അടിസ്ഥാനത്തിലുള്ള ചില പഠനങ്ങളും ശ്രീദ്ധേയമാണ്. കൊല്ലവര്‍ഷം 1104-ല്‍ അതായത് 90 വര്‍ഷം മുമ്പ് കണ്ണങ്കര കുടംബത്തില്‍പ്പെട്ട 259-പേര്‍ ചേര്‍ന്ന് വ്യത്യസ്ത പട്ടിക കളിലായി ആളോഹരിപ്രകാരം വസ്തുക്കള്‍ വീതിച്ചെടുത്തു എന്നും പിന്‍ക്കാലത്ത് ഭാഗപത്രത്തില്‍ ഉള്‍പ്പെടാതിരുന്ന കണ്ണങ്കര കുടംബത്തില്‍ പ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തി കുടുംബത്തെ മൂന്നുപ്രധാന ശാഖകളും എട്ടു ഉപശാഖകളുമായിത്തിരിച്ചു എന്നും ക്ഷേത്രം രേഖകളല്‍ കാണുന്നു. ക്ഷേത്രഭരണം സുഗമമാക്കുന്നതിനായി ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയതായും അവപ്രാബല്യത്തില്‍ കൊണ്ടുവന്നതായും കാണുന്നു. അതുപ്രകാരം ഒരോ ശാഖയും വരിസംഖ്യ നല്‍കണമായിരുന്നു. ഇത്ര തേങ്ങ എന്ന കണക്കില്‍ ഒരോ ശാഖയില്‍ നിന്നും തേങ്ങ വെട്ടിയെടുക്കുന്ന സമ്പ്രദായവും അക്കാലത്തുണ്ടായിരുന്നു.

പുത്തന്‍വീട് ശാഖ,കല്ലിടാന്തി-കുറുന്നാഴി ശാഖ,കല്ലുപെട്ടുവിള ശാഖ എന്നിവയായിരുന്നു പ്രധാന ശാഖകള്‍,പുത്തന്‍വീട്,കുന്നിച്ചന്‍ വിളാകം,തെക്കേവിള,പൂവണത്തും വിള എന്നിവ പുത്തന്‍വീട് ശാഖയുടെ ഉപശാഖകളും,കല്ലിടാന്തി-കുറുന്നാഴി,പറമ്പുവിള,കോട്ടുവിളാകം എന്നിവ കല്ലിടാന്തി-കുറുന്നാഴി ശാഖയുടെ ഉപശാഖകളുമാണ്. കല്ലുവെട്ടുവിള ശാഖയ്ക്ക് ഉപശാഖകള്‍ ഉള്ളതായി കാണുന്നില്ല.

ക്ഷേത്രത്തിന്‍റെ പഴക്കം സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ വേണ്ട തെളിവുകള്‍ ലഭ്യമല്ലെങ്കിലും കൊല്ലപ്പെരുവഴിയും തിരുവമ്പാടി തുറമുഖവും ക്ഷേത്രവുമെല്ലാം കടല്‍ കയറി നശിക്കുന്നതിന് മുമ്പ് തന്നെ സകലപ്രതാപത്തോടെ ഈ ക്ഷേത്രം നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു.

പുരാതനതറവാടുകളില്‍ പോലും കാവും കുളവുമുണ്ടായിരുന്ന ഒരു പഴയകാലം. ഇന്നത്തെ തലമുറയിലെ പഴമക്കാര്‍ക്ക് അറിവുള്ളതാണ്. വലിയ വീട്ടില്‍ ക്ഷേത്രത്തിനും കാവും കുളവുമുണ്ടായിരുന്നു. ഇന്ന് നാശോമ്മുവമായി ക്കൊണ്ടിരിക്കുന്ന കുളങ്ങര കുളം അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടും പഴമ കൊണ്ടും ക്ഷേത്രകുളമായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.

മുകിലന്‍റെ പടയോട്ടത്തിന് മുന്‍പ് തിരുവമ്പാടി പ്രദേശത്തെപ്രബലസമുദായമായിരുന്ന ബ്രാഹ്മണ സമുദായത്തിന്‍റെ വകയായിരുന്നു ക്ഷേത്രവും വസ്തുവകകളുമെന്ന് കരുതാം. ദേവിക്ഷേത്രം വരുന്നതിന് മുമ്പുതന്നെ നാഗരകാവും ശിവക്ഷേത്രവും നില്‍ക്കുന്ന സ്ഥലത്തിന്‍റേയും പ്രമാണം രണ്ടാണ് എന്ന കാര്യം ഈ ചിന്തയ്ക്ക് ബലമേകുന്നു. കുളങ്ങര കുളത്തിന്‍റെ ആധിപത്യം കാലക്രമേണ എങ്ങനെയോ നഷ്ടപ്പെട്ടുപോയതാകാമെന്ന് കരുതാം.

ആദ്യകാലത്ത് ദേവിക്ഷേത്രം ഓല കെട്ടിയതായിരുന്നു. അത് അഗ്നി ബാധയില്‍ നശിച്ചുപോയപ്പോഴാണ് ഓടുമേഞ്ഞ ക്ഷേത്രം ഉണ്ടായത് പുതുതായി പണിഞ്ഞ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തിയത് കൊല്ല വര്‍ഷം 1130 കുംഭമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണെന്ന് രേഖകളില്‍ കാണുന്നു.

കുരയ്ക്കണ്ണിയിലെ ഗൃഹനാമങ്ങളും ഇപ്പോഴും നശിക്കാതെ ശേഷിക്കുന്ന വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഗൃഹങ്ങളുടെ നിര്‍മ്മാണത്തിലെ സവിശേഷതകളും പരിശോധിക്കുമ്പോള്‍ ഇതുവരെ പറഞ്ഞ പലകാര്യങ്ങളും സത്യത്തോട് വളരെ അടുത്തു നില്‍ക്കുന്നതായി കാണാം മഠം, ഇല്ലം, മംഗലം എന്നും മറ്റുമുള്ള ഗൃഹനാമങ്ങള്‍ ബ്രാഹ്മണ ഭവനങ്ങളായിരുന്നിരിക്കാം. വിള,വിളാകം, വീട് തുടങ്ങിയവ ചേര്‍ന്നു വരുന്ന ഗൃഹനാമങ്ങള്‍ അധികവും നായര്‍ സമുദായക്കാരുടേതാണെന്ന് കാണാം. താഴ്ന്ന വിഭാഗക്കാര്‍ തങ്ങളുടെ ഭവനങ്ങളെ കുടി എന്നാണ് വിളിച്ചിരുന്നതെന്ന് കേരള ചരിത്രത്തില്‍ കാണുന്നു. മുകിലന്‍റെ കാലത്ത് ഇവയില്‍ പലതും ഇസ്ലാം മതത്തിലേയ്ക്ക് മാറ്റപ്പെട്ടതിന്‍റെ ഫലമാകാം കുരയ്ക്കണ്ണിയിലെ ഇപ്പോഴത്തെ പല ഇസ്ലാം ഭവനങ്ങള്‍ക്കും അത്തരത്തിലുള്ള പേരുണ്ടായതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. ചാന്നാക്കുടി, പണിക്കക്കുടി, മാരാക്കുടി, കൊല്ലക്കുടി തുടങ്ങിയ ഗൃഹനാമങ്ങള്‍ ഈ വാദത്തിന് ബലമേകുന്നു. നായര്‍ ഭവനങ്ങളായിരുന്ന വിളാകം ചേര്‍ന്നു വരുന്ന ചില ഗൃഹന ാമങ്ങള്‍ അത്തരത്തിലുള്ള ചിന്തകള്‍ക്ക് കരുത്തുപകരുന്നു. മറ്റെങ്ങും കാണാന്‍ ഒഴിയാത്ത മതമൈത്രിയും സഹോദര്യവും കുരയ്ക്കണ്ണിയില്‍ വളര്‍ന്നു വന്നതിനും ഇന്നും പുലരുന്നതിനും കാരണം ഈ പൂര്‍വ്വബന്ഡങ്ങളായിരിക്കാം എന്ന് കരുതുന്നതില്‍ തെറ്റില്ലന്ന് തോന്നുന്നു.

ക്ഷേത്രത്തിന്‍റേയും,നാടിന്‍റേയും,കുടുംബത്തിന്‍റേയും മഹത്വവും പാരമ്പര്യവും ഒരു ചെറു വിവരണത്തില്‍ ഒതുങ്ങുന്നതല്ല. ശക്തവും സമര്‍ത്ഥവുമായ ചരിത്രാന്വേഷണവും ഗവേഷണ പഠനങ്ങളും അനിവാര്യമാക്കന്നതാണ് അത്. ചില സൂചനകളും അനുമാനങ്ങളും പരിമിതമായ ചില അറിവുകളും പങ്കുവയ്ക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്ന സത്യം അംഗീകരിക്കുന്നു.ക്ഷേത്രോല്‍പത്തിയും പാരമ്പര്യവും അറിയാനും അറിയിക്കാനും ശ്രമിക്കുന്ന നിലവിലെ ഭരണസമിതിയേയും കുടുംബാംഗങ്ങളേയും പ്രകീര്‍ത്തിക്കാതിരിക്കാനുമാവില്ല.

കൊടിമരവും പ്രദക്ഷിണ വഴിയും മഹാക്ഷേത്രങ്ങള്‍ക്കു മാത്രമുള്ള ആരാധനാക്രമണങ്ങളുമായി നമ്മുടെ നാടിന്‍റെ ചൈതന്യമായ ഐശ്വര്യമായ വലിയ വീട്ടില്‍ ക്ഷേത്രം. പുരോഗമനത്തിന്‍റെ പുതുവഴികള്‍ അനായാസം താണ്ടുമെന്നും ക്ഷേത്രത്തിന്‍റെ ഐശ്വര്യം നാടിന്‍റേയും,കുടുംബത്തിന്‍റേയും ഐശ്വര്യമാണെന്നുമുള്ള തിരിച്ചറിവ് വിശ്വാസികള്‍ക്കും കുടുംബാങ്ങള്‍ക്കും നാടിനെ സ്നേഹിക്കുന്ന,പഴമയേയും പൈതൃകത്തേയും സ്നേഹിക്കുന്ന എല്ലാപേര്‍ക്കും ഉണ്ടാകുമെന്നും കരുതാം.

സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അവര്‍കളും ശ്രീമത് ചട്ടമ്പിസ്വാമി തിരുവടികളും വലിയ വീട്ടില്‍ ക്ഷേത്രത്തിലെത്തി എന്ന കാര്യം അക്കാലത്ത് ക്ഷേത്രത്തിനുണ്ടായിരുന്ന മഹത്വത്തിന്‍റെ മറ്റൊരു തെളിവായ് കരുതാം. അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കുന്നു.